Friday, November 9, 2007

പത്മരാജനെ ഓര്‍ക്കുമ്പോള്‍

മലയാള സിനിമക്കുണ്ടായ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്‌ പത്മരാജന്റെ വിയോഗം. ഉപയോഗിച്ച്‌ പതം വന്നു പൊയ ഒരു ക്ളിഷേ ആണോ ഈ വാചകം എന്നു എഴുതിക്കഴിഞ്ഞപ്പോള്‍ തോന്നി.. മഴയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം തന്നെ പലവട്ടം വായിച്ചു്‌ മടുത്ത ആളാണു ഞാന്‍.

ഒരു ശരാശരി പ്രേക്ഷകന്‌ മനസ്സിലാകുന്നതേ എനിക്കെന്നും മനസ്സിലായിട്ടുള്ളൂ.കഥാപത്രങ്ങള്‍ക്കു പുറകിലൂടെ ചീറിപാഞ്ഞ് പോകുന്ന ഫയര്‍ എന്‍‌ജിന്‍ അവരുടെ മാനസിക സംഘര്‍‌ഷങ്ങളെ പ്രതിനിധീകരിക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ അത് സമ്മതിച്ചു കൊടുക്കുവാന്‍ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു, എനിക്കു അന്നും ഇന്നും. പോക്കുവെയില്‍ എന്ന ചിത്രത്തിലെ ഒരു ലോങ്ങ് ഷോട്ടില്‍ ഫ്രെയിമിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ പൊകുന്ന സൈക്കിളിനെ കാമറ പിന്‍‌തുടര്‍‌ന്നതു (അതും ഏതാണ്ട് ആറ് മിനിറ്റ്) എന്തിനാണെന്നു എനിക്കിപ്പൊഴും മനസ്സിലായിട്ടില്ല.

ചിന്തകള്‍ വഴി വിടുന്നു. നമുക്കു പത്മരാജനിലേക്കു തിരിച്ച് വരാം.

സങ്കീര്‍‌ണ്ണങ്ങളായ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്നു പോയാല്‍ കൂടിയും, സ്വന്തം കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വളരെ വ്യക്തത നല്‍കാന്‍ എന്നും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അവാര്‍‌ഡ് സിനിമ, കച്ചവട സിനിമ എന്നു അന്നേ വരെ രണ്ടായി നില കൊണ്ടിരുന്ന മലയാളം, സമാന്തര ശാഘ കണ്ടു തുടങ്ങിയതു പതമരാജന്‍ സംവിധായകന്‍റ്റെ മേലങ്കി അണിഞ്ഞ് തുടങ്ങിയ ശേഷമാണ്‌. മാത്രുഭൂമിയിലെ ചിത്രാവലോകത്തിനില്‍, കോഴിക്കോടന്‍ പറഞ്ഞതാണെന്നാണു്‌ ഓര്‍മ്മ, തിരക്കഥ രച്ചിക്കുന്ന ആള്‍ തന്നെ ചിത്രം സം‌വിധാനം ചെയ്യുമ്പോള്‍, ആ സൃഷ്ടിക്കു സംഭവിക്കാവുന്ന മൂല്യോച്യുതിയെ പറ്റി ഒരു പരാമര്‍‌ശം ഉണ്ടായിരുന്നു. ഒരു തിരക്കഥ, സൃഷ്ടികര്‍ത്താവിന്റെ ഭാവനകളില്‍ പരിമിതപ്പെട്ടു പോകാതെ സം‌വിധായകന്‍ എന്ന വേറൊരു പ്രതിഭയുടെ കൈയില്ലൂടെ വാര്‍‌ത്തെടുക്കപ്പെടേണ്ടതുണ്‍ടെന്നാണു ആ ആശയം. ഒരു പരിധി വരെ അതു സത്യമാണെന്നു എനിക്കും തോന്നിയിട്ടുണ്ട്. പത്മരാജന്‍ പക്ഷെ ആ പരിധിക്കു പുറത്താണു്‌.അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന വളരെ ലളിതമായ ഒരു ചെറുകഥ വേറെ ആര്‍‌ക്കാണു ഒരു സിനിമ ആക്കാന്‍ പറ്റുക?

പത്മരാജന്‍ സിനമകള്‍ കൂടുതലും ഒരു ദുരന്തത്തെ ചുറ്റിപറ്റിയാണു പുരോഗമിക്കാറ്‌. കുടുംബത്തിലെ ദുരന്തങ്ങളാല്‍ വെട്ടയാടപ്പെട്ട് അതിലൂടെ ജീവിച്ചു പൊകുന്ന നായികാ കഥാപാത്രം ആണു നൊമ്പരത്തിപൂവിലെ നായികയെങ്കില്‍, അവധിക്കാലം ചിലവിടാന്‍ വന്ന കൊച്ചുമകന്‍ കടലില്‍ ഒലിച്ചു പൊകുന്നതു കണ്ട് നില്‍ക്കാന്‍ വിധിക്കപ്പെടുന്ന ഒരു മുത്തച്ഛന്റെ വേവലാതികള്‍ ആയിരുന്നു മൂന്നാം പക്കതിന്റെ പ്രമേയം. ദുരന്തപര്യവസായിയായിരുന്നു, വാര്‍‌ദ്ധ്യകത്തിന്റെ ശാപങ്ങളെ വരച്ച് കാണിച്ച തിങ്കളാഴ്ച നല്ല ദിവസം. ഓര്‍‌മ്മകളെ നശിപ്പിച്ച് എങ്ങോ പൊയി മറഞ്ഞ ഗന്ധര്‍‌വന്‍ മനസ്സിന്റെ നോവായി മാറുന്നതും നമ്മള്‍ കണ്ടു. ഭാര്യയെ ത്യജിക്കേണ്ടി വരുന്ന ഇന്നലെയിലെ ഭര്‍‌ത്താവും, ഐഡന്റിറ്റി നഷ്ട്പ്പെട്ട് പൊകുന്ന അപരനിലെ വിശ്വനും ഒരോരോ ദുരന്തങ്ങളുടെ ബാക്കിപത്രങ്ങള്‍ ആയി അവശേഷിക്കുന്നു.

കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍‌വാന്‍, പെരുവഴിയമ്പലം, തൂവാനതുമ്പികള്‍ എന്നീ ചിത്രങ്ങളില്‍ ദുരന്തങ്ങളല്ല മുഖ്യ വിഷയങ്ങള്‍. ലളിതവും സരസവും ആയ കഥാഖ്യാന ശൈലിയാണു ഈ ചിത്രങ്ങളുടെ മുഖമുദ്ര.


ആക്ഷന്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുത്താവുന്നതാണു
കരിയിലക്കാറ്റുപോലെ, സീസണ്‍ എന്നീ ചിത്രങ്ങള്‍. കരിയിലക്കാറ്റുപൊലെയില്‍ കുറ്റാന്വേഷത്തിനായിരുന്നു ഫോക്കസ് എങ്കില്‍ സീസണില്‍ പ്രതികാരമായിരുന്നു പ്രതിപാദ്യ വിഷയം.

ഒരു സം‌വിധായകന്‍ എന്ന നിലയില്‍, ഇരുപതിനു താഴെയെയുള്ളു പത്മരാജന്റെ സംഭാവനകള്‍. എന്നാല്‍ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകനെ ചിന്തിപ്പിക്കാനും, ആസ്വാദനശേഷി ഉയര്‍‌‌ത്താനും സഹായിച്ച സൃഷ്ടികള്‍ ആയിരുന്നു.

പത്മരാജനു തുല്യം പത്മരാജന്‍ മാത്രം.. മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ ആസ്വാദകര്‍ക്കും പതമരാജന്‍റ്റെ ആ യുഗത്തിനെ ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങോടെ മാത്രമെ കാണാനൊക്കു..

3 comments:

താരാപഥം said...

പത്മരാജനെക്കുറിച്ചുള്ള താങ്കളുടെ ലേഖനം വായിച്ചു. ഏറ്റവും നല്ല സിനിമ ഏതാണ്‌ എന്ന് ആരെങ്കിലും ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ പറയാം, അത്‌ പത്മരാജനും ഭരതനും ചേര്‍ന്നു സൃഷ്ടിച്ച എല്ലാ സിനിമയും നല്ലതാണെന്ന്. ഭരതനും പത്മരാജനും ഒറ്റയ്ക്ക്‌ സംവിധാനം ചെയ്ത സിനിമകള്‍ മോശമാണെന്ന് അല്ല. അവരുടെ ഒരുമിച്ചുള്ള സൃഷ്ടികള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു. ഞാന്‍ പണ്ട്‌ ഉച്ചപ്പടങ്ങള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ആര്‍ട്ട്‌ സിനിമകള്‍ പറ്റാവുന്നതെല്ലാം കണ്ടിരുന്നു. താങ്കള്‍ പറഞ്ഞപോലെ "പോക്കുവെയിലില്‍" എനിക്കും ക്ഷമ നശിച്ച ഒരു സീന്‍ ഉണ്ടായിരുന്നു. അത്‌, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ പുഴയോരത്തെ മണലില്‍ ഇരിക്കുമ്പോള്‍ നായിക ഒരു കുന്നിന്‍ ചെരുവിലൂടെ ഇറങ്ങി നായകന്റെ അടുത്തെത്തുന്നതുവരെ ഒറ്റ ഫ്രൈമില്‍ ഉള്ള ഒരു സീന്‍ ഉണ്ട്‌. അത്‌ ഒത്തിരി അസ്വസ്തത ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള പടങ്ങളൊന്നും ഇറങ്ങുന്നില്ല, ക്ഷമ പരീക്ഷിക്കാനെങ്കിലും.

നാട്ടു പ്രമാണി. said...

സത്യം. Infact പത്മരാജന്‍ ഭരതന്‍ കൂട്ടൂകെട്ടിന്റെ ഒരു പ്രത്യേകത എന്താണെന്നോ? ഒരുമിച്ചല്ലാതെയും നല്ല സിനിമകള്‍ സ്രുഷ്ടിക്കാന്‍ അവര്‍ക്കു രണ്ടു പേര്‍ക്കും കഴിഞ്ഞു. അതു അത്രക്കു ചെറിയ കാര്യം അല്ല. എം.ടി യോടൊപ്പം നല്ല സിനിമകള്‍ സമ്മാനിച്ച ഹരിഹരന്റെ ബാക്കി ചിത്രങ്ങള്‍ കണ്ടാല്‍, അദ്ദേഹതിന്റെ കഴിവുകളെ പറ്റി ന്യായമായും ചോദ്യങ്ങള്‍ ഉയരും. സിബി-ലോഹിതദാസ് കോമ്പിനേഷന്‍ മറ്റൊരു ഉദാഹരണം.

ഭരതന്റെ ഒരു മിന്നാമിനുങ്ങന്റ്റെ നുറുങ്ങു വെട്ടം, വൈശാലി എന്നീ ചിത്രങ്ങള്‍ classic ചിത്രങ്ങളുടെ കൂട്ടതില്‍ പെടുതാവുന്നതു തന്നെ.

ശാലിനി said...

പത്മരാജനു തുല്യം പത്മരാജന്‍ മാത്രം.. മലയാള സിനിമയെ സ്നേഹിക്കുന്ന എല്ലാ ആസ്വാദകര്‍ക്കും പതമരാജന്‍റ്റെ ആ യുഗത്തിനെ ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങോടെ മാത്രമെ കാണാനൊക്കു..

നൂറുവട്ടം സത്യം! ഇന്നത്തെ പല സിനിമകളും കാണുമ്പോഴാണ് പത്മരാജന്റേയും ഭരതന്റേയുമൊക്കെ വിലയറിയുന്നത്.